കാക്കനാട്: കേരളത്തില്‍ റോഡ് നികുതി അടക്കാതെ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക മിന്നല്‍ പരിശോധന. ഒന്‍പത് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍. നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ 72 ഇതരസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി ഈടാക്കുന്നതിന് വാഹന ഉടമകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്കി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കളമശേരി, അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ്ക്വാഡും സംയുക്തമായി മിന്നല്‍ പരിശോധന നടത്തിയത്. യാത്രക്കാര്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്ത രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ നടപടികള്‍.
ഓള് ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും, സര്‍വീസ് നടത്തുന്ന അതാത് സംസ്ഥാനങ്ങളിലെ റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും ലംഘിച്ചതായി അധികൃതര്‍ പറഞ്ഞു.
അനധികൃതമായി ചരക്കുകള്‍ കടത്തല്‍, എയര്‍ഹോണ്‍ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേട് വരുത്തല്‍, അതിതീവ്ര വെളിച്ചം വിതറുന്ന ലൈറ്റുകള്‍ തുടങ്ങി മറ്റ് ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളില്‍ കണ്ടെത്തി.
ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലത്തിന്റെ നിര്‍ദേശ പ്രകാരം എറണാകുളം 2 വില്‍ മധ്യമേഖലഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ സജിപ്രസാദിന്റെയും , മൂവാറ്റുപുഴ ആര്‍ടിഒ ബി. ഷഫീഖ്, എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് എന്നിവരുടെയും നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനത്തുടനീളം നികുതി വെട്ടിപ്പ് തടയുന്നതിനായി ഇത്തരം സംയുക്ത പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.